കൊച്ചി: മീശമാധവന്‍ എന്ന ചിത്രത്തില്‍ കേസില്ലാവക്കീലായി വേഷമിട്ട സലിംകുമാര്‍ പറയുന്ന ഡയലോഗാണിപ്പോള്‍ മലയാളിയുടെ മനസില്‍. വക്കീല്‍കോട്ടുമണിഞ്ഞ് സൈക്കിളില്‍ കേസ് അന്വേഷിച്ചു നടക്കുന്ന സലിംകുമാര്‍ സ്വയംപരിചയപ്പെടുന്നത് 'സത്യമായിട്ടും വക്കീലാ, കാണാനൊരു ലുക്കില്ലെന്നേയുള്ളൂ'' എന്നാണ്. കാണാന്‍ അത്രയൊന്നും ലുക്കില്ലാത്ത ഈ നടന്‍ നമ്മുടെ നാട്ടിടവഴികളിലെ പതിവുകഥാപാത്രങ്ങളിലൊന്നായി വേഷപ്പകര്‍ച്ച നടത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച നടനെന്ന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നു. ഒരു ശരാശരി മലയാളിയുടെ ഭാവങ്ങളായിരുന്നു ഈ നടന്‍ എന്നും വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. ചിരിപ്പിച്ച് രസിപ്പിച്ച് മലയാളികളെ അല്‍പം ചിന്തിക്കാനും പ്രേരിപ്പിക്കുന്നതാണ് സലീംകുമാറിന്റെ കഥാപാത്രങ്ങള്‍.
കോമഡി നടനെന്ന നിലയില്‍ അരങ്ങേറിയ സലീംകുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുമ്പോള്‍ അത് മലയാളിത്തത്തിനുള്ള അംഗീകാരം കൂടിയാകുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അവിചാരിതമായാണ് സലിംകുമാറിന്റെ കൈകളിലെത്തുന്നത്. സലിം അഹമ്മദ് എന്ന പുതുമുഖ സംവിധായകന്റെ നിര്‍ബന്ധമാണ് അവാര്‍ഡിലേക്ക് വഴിതുറന്നത്. കൊച്ചിയില്‍ 'ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നടന്‍ സലിംകുമാറിനെ കാണാന്‍ സലിം അഹമ്മദ് വന്നത്. സലിം അഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലിംകുമാര്‍ നായകനായി അഭിനയിക്കണമെന്നായിരുന്നു ആവശ്യം. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന വൃദ്ധദമ്പതികളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കാന്‍ സലിംകുമാര്‍ തന്നെയാണ് യോഗ്യനെന്ന് സലിം അഹമ്മദ് പറഞ്ഞു. ഇതു കേട്ടപ്പോള്‍ സലിംകുമാറിന് അദ്ഭുതമാണുണ്ടായത്. തന്നെ വച്ച് ചിത്രമെടുത്താല്‍ ചിത്രം പരാജയപ്പെടാനുള്ള സാധ്യത സലിംകുമാര്‍ സലിം അഹമ്മദിനോട് പലതവണ പറഞ്ഞുനോക്കി. പക്ഷേ സലിം അഹമ്മദ് പുറകോട്ടു പോകാന്‍ തയാറായില്ല. ആ നിര്‍ബന്ധത്തിനു മുന്നില്‍ സലിംകുമാര്‍ വഴങ്ങി. അത് സലിംകുമാറിന് ആദ്യ ദേശീയ അവാര്‍ഡിലേക്കു വഴിതുറക്കുകയായിരുന്നു.
ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ അഭിമാനമായ സലീംകുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. ഉദയപുരം സുല്‍ത്താന്‍, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, കല്യാണരാമന്‍, സി ഐ ഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തീയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ചു. വേദനയൊളിപ്പിച്ച് ചിരിക്കുന്ന ചില കഥാപാത്രങ്ങളും ഈ നടന്‍ അവതരിപ്പിച്ചു. ഗ്രാമഫോണ്‍, പെരുമഴക്കാലം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു അത്. ലാല്‍ ജോസ് ഒരുക്കിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയം സലീംകുമാറിന്റെ കരിയറിലെ നിര്‍ണ്ണായകമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് 2007ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം സലീംകുമാറിനെ തേടിയെത്തി. ഇപ്പോള്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സലീകുമാറിന് ലഭിച്ചിരുന്നു.
കലാലയ ജീവിതത്തില്‍ മിമിക്രിയിലൂടെയാണ് സലീംകുമാര്‍ കലാരംഗത്ത് എത്തുന്നത്. എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശിയായ സലീംകുമാര്‍ കൊച്ചിന്‍ കലാഭവനിലാണ് മിമിക്രി ജീവിതം തുടങ്ങുന്നത്. പിന്നീട് സലിംകുമാര്‍ കൊച്ചിന്‍ സാഗര്‍ മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു. നാലു വര്‍ഷത്തോളം, കൊച്ചിന്‍ ആരതി തിയേറ്റേഴ്‌സിന്റെ നാടകങ്ങളിലും ഈ നടന്‍ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പ്രോഗ്രാമിലും സലീംകുമാര്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മാല്യങ്കര കോളേജിലാണ് കൊളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദധാരിയായ സലീംകുമാര്‍ 'ഈശ്വരാ, വഴക്കില്ലല്ലോ' എന്ന പേരില്‍ തന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനിതയാണ് ഭാര്യ. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.
സലിംകുമാറിനൊപ്പം സംവിധായകന്‍ സലിംഅഹമ്മദിന്റേയും ജീവിതം മാറ്റിമറിക്കുകയാണ് ചിത്രം. ഏറെ തയ്യാറെടുപ്പുകളോടെയാണ് സലിംഅഹമ്മദ് തന്റെ കന്നിചിത്രം പൂര്‍ത്തിയാക്കിയത്. കോമഡി പരിപാടികള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിരുന്നയാളാണ് സലിം അഹമ്മദ്. എങ്കിലും എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുമ്പോള്‍ അത് ഗൗരവപരമായ ചിത്രമായിരിക്കണമെന്ന് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സലിം അഹമ്മദിന് നിര്‍ബന്ധമായിരുന്നു. ചെറുകഥകളും നാടകങ്ങളും സലിം അഹമ്മദ് എഴുതിയിട്ടുണ്ട്. ഹജ്ജിനു പോകാന്‍ ആഗ്രഹിക്കുന്ന ദമ്പതികളുടെ കഥയാണെന്നു സലിം അഹമ്മദ്, സലിം കുമാറിനോടു പറഞ്ഞപ്പോള്‍ സലിംകുമാര്‍ പറഞ്ഞു 'എനിക്ക് ഭാഷ അറിയില്ലെന്ന്. 'അതെല്ലാം എനിക്കറിയാം എന്നു പറഞ്ഞ് സലിം അഹമ്മദ് ആ പിന്മാറ്റത്തിനു തടയിട്ടു. എന്തുകൊണ്ട് സലിംകുമാറിനെ ഈ വേഷത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തു എന്നതിന് സലിം അഹമ്മദ് പറയുന്നു'അച്ഛനുറങ്ങാത്ത വീടി'ലൂടെ തന്റെ കഴിവ് സലിംകുമാര്‍ എന്നേ തെളിയിച്ചതാണ്.
ചിത്രം ഷൂട്ട് ചെയ്തു തുടങ്ങിയപ്പോള്‍ സലിംകുമാര്‍ ശരിക്കും ആദാമിന്റെ മകന്‍ അബുവായി മാറി. ഒരു ദിവസം സലിംകുമാര്‍ സലിം അഹമ്മദിനോടു ചോദിച്ചു 'എനിക്ക് ഹജ്ജിനു പോകാന്‍ പറ്റുമോ എന്ന്. പ്രതിഫലം വാങ്ങാതെയാണ് സലിംകുമാര്‍ അഭിനയിച്ചത്. തനിക്ക് പരിചയമുള്ള ആളുകളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെന്ന് സലിം അഹമ്മദ് പറയുന്നു. ആദാമിന്റെ മകന്‍ അബുവിന് ശേഷം നിരവധി സീരിയസ് വേഷങ്ങളാണ് സലിംകുമാറിനെ തേടിയെത്തിയിരിക്കുന്നത്. പുതുമുഖ സംവിധായകന്‍ ദേവപ്രസാദ് സംവിധാനം ചെയ്യുന്ന ലൈറ്റ് എന്ന ചിത്രത്തിലും അഭിനയപ്രാധാന്യമുള്ള മുഴുനീള വേഷമാണ് സലിംകുമാറിന്. രാമന്‍ പറയന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെയാണ് സലിംകുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവിനൊപ്പമുള്ള സഹാവാസത്തിലൂടെ പാര്‍ട്ടി അനുഭാവിയായി ഒളിവുജീവിതം നയിച്ച രാമന്‍ പറയന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളാണ് സിനിമയുടെ പ്രമേയം.
മുപ്പത്തിനാലുകാരനായും എണ്‍പത്തിനാലുകാരനായും സലിംകുമാര്‍ വേഷമിടും. 'അച്ഛനുറങ്ങാത്ത വീടിന്' ശേഷം നിരവധി നായകവേഷങ്ങള്‍ തേടി എത്തിയെങ്കിലും സലിംകുമാര്‍ വീണ്ടും കോമഡിയുടെ തട്ടകത്തിലേക്ക് മടങ്ങുകയായിരുന്നു. 'എനിക്ക് അര്‍ഹതപ്പെട്ട അവാര്‍ഡാണ് ലഭിച്ചത്'.... മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതാണോയെന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് നടന്‍ സലിംകുമാര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അവാര്‍ഡ് തനിക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത അമ്മയ്ക്കും ഒപ്പം ഭാര്യ സുനിതയ്ക്കും സമര്‍പ്പിക്കുന്നു എന്നും സലിംകുമാര്‍ പറഞ്ഞു. എല്ലാ മലയാളികളെയും പോലെ ഞാനും സന്തോഷിക്കുന്നു. മലയാള സിനിമയിലെ വേറിട്ട ചലച്ചിത്രമാണ് ആദാമിന്റെ മകന്‍ അബു. പ്രാദേശിക അവാര്‍ഡുകള്‍ക്ക് പരിഗണിക്കാത്ത ഈ ചിത്രത്തിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചത് വലിയ കാര്യമാണ്. പ്രാദേശിക തലത്തില്‍ ചിത്രം പരിഗണിക്കാത്തതില്‍ ദു:ഖമുണ്ടെന്നും സലിംകുമാര്‍ പറഞ്ഞു.
പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ സലിംകുമാര്‍ അഭിനയിച്ചത്. 34 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സലിംകുമാറിനുള്ള പുരസ്‌കാരമടക്കം നാല് പ്രമുഖ ദേശീയ പുരസ്‌കാരങ്ങളാണ് മലയാളികള്‍ ശ്രദ്ധിക്കാതെ പോയ 'ആദാമിന്റെ മകന്‍ അബു' സ്വന്തമാക്കിയത്. മധുഅമ്പാട്ടിന് ഛായാഗ്രഹണത്തിനും ഐസക് തോമസ് കൊട്ടുകാപള്ളിക്ക് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഈ ചിത്രം നേടിക്കൊടുത്തു. സംവിധായകനായ സലിം അഹ്മദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം.
മികച്ച നടനുള്ള പുരസ്‌കാരം സലിംകുമാറിനൊപ്പം യുവ തമിഴ് നായകന്‍ ധനുഷും സ്വന്തമാക്കി. 'ആടുകളം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ധനുഷിന് പുരസ്‌കാരം. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ വേഷമിട്ട ശരണ്യയും (തെന്‍മേര്‍ക്കുപെരുവക്കാറ്റു തമിഴ്), മറാഠി നടി മൈഥിലീ ജഗ്പത് വരാദ്കറും (ബാബു ബാന്‍ഡ് ബാജാ) നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. തമിഴ് ചിത്രമായ 'ആടുകള'ത്തിന്റെ സംവിധായകന്‍ വെട്രിമാരനാണ് മികച്ച സംവിധായകന്‍. മികച്ച മലയാള ചിത്രം ഡോ. ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി'യാണ്. ജനപ്രിയചിത്രം സല്‍മാന്‍ഖാന്റെ ഹിറ്റ് പടമായ 'ദബാംഗാ'ണ്. ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം മൊനേര്‍ മനുഷ് എന്ന ചിത്രത്തിലൂടെ ബംഗാളി സംവിധായകന്‍ ഗൗതംഘോഷ് നേടി. സഹനടിക്കുള്ള പുരസ്‌കാരം മലയാളികളുടെ പ്രിയപ്പെട്ട സുകുമാരിക്കാണ്. തമിഴ് ചിത്രമായ 'നമ്മഗ്രാമ'ത്തിലൂടെയാണ് അവര്‍ക്ക് വീണ്ടും ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. കലാസംവിധാനത്തിലുള്ള പുരസ്‌കാരം 'യന്തിരനി'ലൂടെ മലയാളിയായ സാബു സിറിളിനെ തേടി വീണ്ടുമെത്തി.
വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും തമിഴ് ചിത്രത്തിലൂടെ കേരളത്തിലെത്തി. 'നമ്മഗ്രാമ'ത്തിന് വസ്ത്രങ്ങളൊരുക്കിയ ഇന്ദ്രന്‍സ് ജയനാണ് ഈ പുരസ്‌കാരം. വൈരമുത്തുവിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം (തെന്‍മേര്‍ക്കുപെരുവക്കാറ്റു തമിഴ്). മികച്ച കഥേതര ചിത്രത്തിന്റെ സംവിധായകന്‍ കൊല്‍ക്കത്ത ചലച്ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ മലയാളി വിദ്യാര്‍ഥി സ്‌നേഹല്‍ ആര്‍. നായരാണ്. ജേം എന്ന ചിത്രമാണ് സ്‌നേഹലിന് പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച അന്വേഷണ കഥേതര ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. മനോജ് സംവിധാനം ചെയ്ത 'എ പെസ്റ്ററിങ് ജേര്‍ണി' എന്ന ചിത്രത്തിനാണ്. കീടനാശിനികളുടെ അതിക്രൂരമായ ഫലങ്ങളെ കുറിച്ചുള്ള അന്വേഷണമായ ഈ ചിത്രം ഇതിനോടകം വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രഞ്ജിനി കൃഷ്ണനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഹരികുമാറിന് കഥേതര ചിത്രത്തിലെ ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ മലയാളിയായ ഷൈനി ജേക്കബ്ബ് ബെഞ്ചമിന്റെ ഒറ്റയാള്‍ എന്ന ചിത്രം പ്രത്യേക പരാമര്‍ശത്തിനര്‍ഹമായി. ചിത്രസൂത്രമെന്ന മലയാള ചിത്രത്തിന്റെ ശബ്ദസംവിധാനത്തിന് സുഭദീപ് സെന്‍ഗുപ്തയും പുരസ്‌കാരത്തിനര്‍ഹനായി
No comments:
Post a Comment