Saturday, 8 October 2011

ഫാദർ സുലൈമാനും ചില കത്രിക പ്രയോഗങ്ങളും


കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു 15 മിനുട്ട് ക്ലിപ്പ് കേൾക്കാനിടയായി.. ഫേസ്ബുക്കിലും ഇതേ സാധനം ചിലർ “ആഘോഷിക്കുന്നത്“ കാണുന്നു.. വയനാട്ടിൽ നിന്ന് സുലൈമാൻ മുസലിയാർ എന്ന ‘ദാരിമി’ ബിരുദമുള്ള ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയെന്നും പറഞ്ഞ് അനുഭവം പറയുന്ന ക്ലിപ്പ് ആണിത്. ഖുർ’ആനിലെ ആയത്തുകൾ ഒരു മടിയുമില്ലാതെ ദുർവ്വ്യാഖ്യാനം ചെയ്യുന്ന പ്രസ്തുത പ്രഭാഷണശകലം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പോന്നതാണ്. എന്നാൽ പൊട്ടത്തരങ്ങളും ദുർവ്യാഖ്യാനങ്ങളും കുത്തിനിറച്ച ഒരു പതിനഞ്ചു മിനുറ്റ് സംസാരം എന്നേ എനിക്കിത് കേൾക്കുമ്പോൾ തോന്നിയിട്ടുള്ളൂ.. ബൈബിളിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും ജനശ്രദ്ധയിൽ പെടുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഈ പ്രഭാഷണം ചിലർ ഉപയോഗപ്പെടുത്തുന്നു..

ഈ ക്ലിപ് തുടങ്ങുമ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.. പേര് സുലൈമാൻ ആണെന്നും വയനാടുകാരനാണെന്നും വീട്ടുപേര് “തുർക്കി” ആണെന്നും പറയുന്നു ഇദ്ദേഹം. മാത്രമല്ല, 8 വയസ്സായപ്പോൾ തന്നെ ‘ദാറുസ്സലാം ഇസ്ലാമിക് കോളജിൽ’ മാതാപിതാക്കൾ പറഞ്ഞുവിട്ടു എന്നും 18 വയസ്സാവുമ്പോഴേക്ക് പഠനം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ ഒരു പള്ളിയിൽ “കൊച്ചച്ചനായി” (ഖത്തീബ്) ജോലി നോക്കി എന്നും തട്ടിവിട്ടിട്ടുണ്ട്. അങ്ങനെ പ്രസംഗിച്ച് ഇയാൾ അറിയപ്പെട്ടു(?) എന്നും പല കവലകളിൽ നിന്നും വയളിനായി ഇയാളെ പലരും വിളിച്ചു എന്നും, ഒരു ദിവസം ഒരു സ്ഥലത്ത് പ്രസംഗത്തിനായി പോയപ്പോൾ ആൾക്കൂട്ടം കണ്ട് ഇയാൾക്ക് “ആവേശം” വന്നത്രേ.. അവിടെ വെച്ച് ഇയാൾ “യേശു ദൈവമല്ല” എന്നും മറ്റുമൊക്കെ വിളിച്ചു കൂവി. എന്നാൽ പ്രഭാഷണം കഴിഞ്ഞപ്പോൾ ഒരാൾ ഓടി വന്ന് ഇയാൾക്കൊരു കുറിപ്പ് കൊടുത്തുവത്രെ.! “യേശു ദൈവമല്ലെങ്കിൽ പിന്നെയാരാണേശു?” എന്ന ചോദ്യമാണത്രെ അതിലുണ്ടായിരുന്നത്. അവിടന്നായിരുന്നുവത്രെ ഇയാളുടെ “മാറ്റത്തിന്റെ”(?) തുടക്കം..!

“യേശുവാരാണ്?” എന്ന ചോദ്യം ഇയാളുടെ വാരിയെല്ലുകൊണ്ട് മൂടപ്പെട്ട ഹൃദയത്തെ മര്‍ദ്ദിച്ചു കൊണ്ട് ചോദിച്ചു കൊണ്ടിരുന്നത്രെ.. പഠിക്കാനിരിക്കുമ്പോൾ, ഉണ്ണാനിരിക്കുമ്പോൾ, ഉറങ്ങാനിരിക്കുമ്പോൾ.. അങ്ങനെ ജീവിതത്തിന്റെ സകല മേഘലകളിലും ഈ ചോദ്യം അദ്ദേഹത്തെ മർദ്ധിച്ചു കൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിച്ചു കൊണ്ട് ഖുർ’ആൻ തുറന്നു “യേശുവാരാണ്?” എന്ന ചോദ്യത്തിനുത്തരം കണ്ടെത്താൻ ശ്രമിച്ചുവത്രെ. അവിടെ നിന്നാണിദ്ദേഹത്തിന്റെ പൊട്ടത്തരങ്ങളുടെയും ദുർവ്വ്യാഖ്യാനങ്ങളുടെയും ഭാണ്ഡം ഇദ്ദേഹം അഴിക്കുന്നത്. അദ്ദേഹത്തിന്റെ വാദമുഖങ്ങളെ നമുക്കൊന്ന് പരിശോധിക്കാം:

ഖുർ’ആനിൽ 6666 ആയത്തുകളാണുള്ളത്
- ഖുർ’ആൻ മുഴുവൻ വായിച്ചു എന്ന് താങ്കൾ പറയുന്നു,, ഒരിക്കലെങ്കിലും ഖുർ’ആൻ മുഴുവൻ വായിച്ചിരുന്നു എങ്കിൽ ഈ പൊട്ടത്തരം താങ്കൾ പറയുകയില്ലായിരുന്നു. ആരോ എഴുതിത്തന്നത് മനപ്പാഠമാക്കുന്നതിനിടയിൽ ഇതെങ്കിലും ഒന്ന് പരിശോധിക്കാമായിരുന്നു.

ഇസ്’ലാം മത സ്ഥാപകൻ മുഹമ്മദ് നബിയാണ്
-മുസ്’ലിംകൾ അങ്ങനെ വിശ്വസിക്കുന്നില്ല. ആദ്യ മനുഷ്യൻ ആദം(അ) മുതൽ ലോകത്ത് ദൈവിക മതം ഇസ്’ലാമാണ്.


ഖുർ’ആൻ പറയുന്നു: وَأُحْيِـي الْمَوْتَى.. "അദ്ദേഹം മരിച്ചവരെ ജീവിപ്പിച്ചു.." അപ്പോൾ മരിച്ചവരെ ജീവിപ്പിക്കുന്ന യേശുവിനോട് പ്രാർത്ഥിച്ചാൽ എന്താണു തെറ്റ്?
-പ്രിയപ്പെട്ട സുലൈമാൻ മുസ്’ലിയാരുടെ കത്രിക അപാരം തന്നെ.. وَأُحْيِـي الْمَوْتَى എന്നതിന്റെ അടുത്ത വാചകം വായിച്ചാൽ താങ്കളുടെ മുഴുവൻ പൊട്ടിപ്പൊളിയുമായിരുന്നു.. ഖുർ;ആനിലെ ആലു ഇമ്രാനിലെ പ്രസ്തുത ആയത്തിങ്ങനെയാണ്.. : وَأُحْيِـي الْمَوْتَى بِإِذْنِ اللّهِ ഇവിടെ بِإِذْنِ اللّهِ എന്ന വാചകം താങ്കൾ മുറിച്ചു ഓതിയതെന്തിനാണ്?? “അല്ലാഹുവിന്റെ അനുമതിയോടെ യേശു മരിച്ചവരെ ജീവിപ്പിച്ചു” എന്നത് എന്തിനാണ് താങ്കൾ കട്ടത്?? മുൻപ് ദാറുസ്സലാം കോളജിൽ നിന്ന് തന്നെ പഠിച്ചതാണോ ഈ കത്രിക പ്രയോഗം??

പിന്നെ ഖുർ’ആൻ പറയുന്നു : إِنَّ فِي ذَلِكَ لآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ . അതായത്, “യേശു സ്വർഗ്ഗത്തിലേക്ക് പോയി അവൻ ഇപ്പോഴും ജീവിക്കുന്നു, അവൻ വീണ്ടും ഈ ലോകത്തേക്ക് വരികയും ചെയ്യും”
- പ്രിയപ്പെട്ട മുസ്’ലിയാരെ, താങ്കൾക്ക് കിട്ടിയ “ചിക്കിളി” എത്രയായാലും ഇമ്മാതിരി ദുർവ്യാഖ്യാനം വേണ്ടായിരുന്നു. താങ്കൾ ഈ ഓതിയ ആയത്തിനു താങ്കൾക്ക് മുൻപ് ഒരു മനുഷ്യക്കുട്ടിയെങ്കിലും ഇങ്ങനെ ഒരർത്ഥം പറഞ്ഞിട്ടുണ്ടോ?? ഒന്നുമില്ലെങ്കിൽ ഇത് കേൾക്കുന്നവർ ഖുർ;ആൻ എടുത്ത് നോക്കുമെന്നെങ്കിലും താങ്കൾ ആലോചിക്കേണ്ടിയിരുന്നു.. ഇനി ഈ ആയത്തിന്റെ യഥർത്ത അർത്ഥമെന്തെന്ന് നമുക്ക് നോക്കാം :
إِنَّ فِي ذَلِكَ لآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ... Q.(03:49)
"തീർച്ചയായും അതിൽ നിങ്ങൾക്കൊരു ദ്രിഷ്ടാന്തമുണ്ട്. നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ”
ഇതിനെയാണിദ്ദേഹം ആ കോലത്തിലാക്കിയത്. ഒന്നും വെണ്ട, ഒരൊറ്റ ചോദ്യം, ഇതിൽ “യേശു” എന്നെവിടെയെങ്കിലുമുണ്ടോ?

ഇതൊന്നും മുഹമ്മദ് നബിയെ പറ്റി ഖുർ;ആനിൽ പറഞ്ഞിട്ടില്ല
-പറഞ്ഞത് മുകളിൽ നമ്മൾ കണ്ടതാണല്ലോ...

യേശുവിന്റെ പേര് ഖുർ’ആനിൽ ഇരുപത്തിയഞ്ചോളം സ്ഥലങ്ങളിൽ കാണാം. എന്നാൽ മുഹമ്മദ് നബിയുടെ പേര് വെറും അഞ്ചു തവണ മാത്രമാണ് ഖുർ’ആനിലുള്ളത്. ഇതും മാറ്റ ചിന്തക്ക് കാരണമായി.!
- എങ്കിൽ താങ്കൾക്ക് ജൂതനാകാമായിരുന്നു. ഖുർ;ആനിൽ ഏറ്റവും കൂടുതൽ പേര് പറഞ്ഞത് മൂസ(അ) യുടേതാണല്ലോ..

മുസ്’ലിംകൾ എല്ലാ വർഷവും ഹജ്ജിനു പോകുന്നത് മുഹമ്മദ് നബിയുടെ (സ) കല്ലറയിലേക്കാണ്.!
- താങ്കൾ മുൻപുണ്ടായിരുന്നിടത്തെ “ജാറ മനസ്തിതി” ഇപ്പോഴുമുണ്ടല്ലോ.. ഒന്നുമില്ലെങ്കിൽ ഹജ്ജ് മക്കയിലാണെന്നും മുഹമ്മദ് നബി(സ) യുടെ ഖബർ മദീനയിലാണെന്നെങ്കിലും ഓർമ്മിക്കണമായിരുന്നു..

മദീനയിൽ പോയി മുസ്’ലിംകൾ ത്വവാഫ് ചെയ്യുന്നു
-ഇയാൾക്ക് തന്നെയാണോ പടച്ചോനേ ‘ദാരിമി’ ബിരുധം ലഭിച്ചത്?? ഹാ, കഷ്ടം.!

ഖുർ’ആനിൽ വല്ല സംശയവുമുണ്ടെങ്കിൽ ബൈബിൾ വായിക്കാൻ ഖുർ’ആനിൽ പറയുന്നു (10:94)..
-ഇതും മുകളിലേതു പോലെ തന്നെ.. ആ ആയത്തിൽ ‘ബൈബിൾ’ അല്ലെങ്കിൽ ‘ഇഞ്ചീൽ’ എന്നെങ്കിലും കാണിക്കാൻ ബഹുമാനപ്പെട്ടവർക്ക് സാധിക്കുമോ?? ഇവിടെ പറയുന്നത് ഖുർ’ആനിൽ സംശയമുണ്ടെങ്കിൽ ബൈബിൾ നോക്കാനല്ല പൊന്നു സുലൈമാൻ ചേട്ടാ.. ഖുർ’ആനിൽ ഒട്ടേറെ ചരിത്ര സംഭവങ്ങളുണ്ട്.. അവയിൽ വല്ല സംശയവും തൊന്നിയാൽ വേദം പഠിച്ചവരോട് ചോദിച്ചു കൊള്ളുക.. അവർ സത്യം പറയുന്നവരാണെങ്കിൽ അവർ അത് തീർത്തു തരും എന്നാണത്.. അറബികളെ സംബന്ധിച്ചിടത്തോളം വേദഗ്രന്ഥങ്ങളുമായി അവർക്ക് പരിചയമില്ലാത്ത സ്ഥിതിക്ക് മുൻവേദങ്ങളിൽ പറയുന്നതും ഇതൊക്കെ തന്നെയാണെന്ന് അറിയിക്കാൻ വേണ്ടിയാണത്. മാത്രമല്ല, ഒരിടത്തും ബൈബിൾ വായിക്കാൻ ആവശ്യപ്പെടുന്നുമില്ല.. പിന്നെ പത്താം അദ്ധ്യായമായ യൂനുസിൽ തന്നെ നിങ്ങൾ ഉദ്ധരിച്ചതിന്റെ മൂന്ന് ആയത്തുകൾ താഴെ നൊക്കിയാൽ കാണാം:

“എല്ലാ ദ്രിഷ്ടാന്തവും അവർക്കു വന്നെത്തിയാലും ശരി; വേദനയേറിയ ശിക്ഷയെ അവർ കാണുന്നതുവരേക്കും”(10:97)
അതു കൊണ്ട് ആ വേദനയേറിയ ശിക്ഷ വേണ്ടെങ്കിൽ ഖുർ’ആൻ പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കി ജീവിക്കണമെന്നാണു പറയുന്നത്.. അതിനെ ദുർവ്വ്യാഖ്യാനിച്ച് നിങ്ങൾ ഇക്കോലത്തിലാക്കിയല്ലോ.. കഷ്ടം തന്നെ..

മുഹമ്മദ് നബി രോഗം വന്നു മരണപ്പെട്ടു എന്ന് ഖുർ’ആനിൽ പറയുന്നു.
-താങ്കളേത് ഖുർ’ആനാണാവോ വായിച്ചത്..? എങ്കിൽ ഇത് എവിടെയാണുള്ളത്..??

ഖുർ;ആൻ പറയുന്നു : وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا .. “ഓ മനുഷ്യരേ.. നിങ്ങളെല്ലാവരും എന്റെ അടിമകളാണ്. ഞാൻ നിങ്ങളുടെ യജമാനനാണ്. ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഞാൻ ശിക്ഷിക്കും“
അല്ലാഹു അടിമകളേ എന്നാണു വിളിക്കുന്നത്.. യജമാനന് ഒരിക്കലും അടിമയെ സ്നേഹിക്കാനാവില്ല..
-ഇത് താങ്കളുടെ ഖുർ;ആൻ തട്ടിപ്പ് നമ്പർ.3 ആയി ഞങ്ങൾ എണ്ണിക്കോളാം. ചോദ്യുമാവർത്തിക്കുന്നു ലോകത്ത് ഇന്നേ വരെ ഒരൊറ്റ മനുഷ്യക്കുട്ടിയെങ്കിലും ഈ ആയത്തിന് ഇങ്ങനെ ഒരർത്ഥം പറഞ്ഞതായി തെളിയിക്കാമോ?? യഥാർത്ഥ അർത്ഥമെന്തെന്ന് നമുക്ക് നോക്കാം:
وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا (ഖുർ’ആൻ 25:63)
“പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരാകുന്നു”
ദുർ’വ്യാഖ്യാനത്തിനുള്ള ഈ വർഷത്തെ അവാർഡെങ്ങാനും പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ താങ്കൾക്ക് തരാൻ എന്തായാലും സാധ്യതയുണ്ട്..

യേശുവിന് തോറയും ഇഞ്ചീലും സബൂറും സമ്മാനിച്ചു എന്ന് ഖുർ’ആനിൽ പറയുന്നു
- പ്രസ്തുത വേദഗ്രന്ഥങ്ങളുടെ പൊരുൾ പഠിപ്പിച്ചു എന്നേ ആ ആയത്തിലുള്ളൂ..

ഏതായാലും ഫേസ്ബുക്കിലും ജി.പ്ലസ്സിലുമൊക്കെ ഈ ക്ലിപ്പ് ഇട്ട് ‘ആഘോഷിക്കുകയും’ മൊബൈലുകളിലേക്ക് സെന്റ് ചെയ്യുകയും ചെയ്യുന്നവർ ഇതിനൊരു മറുപടി എവിടെ നിന്നെങ്കിലും തപ്പിയെടുക്കാൻ പറ്റുമോ എന്നൊന്ന് ശ്രമിക്കുക.. ഇയാളുടെ 15 മിനുട് പ്രസംഗം മാത്രം കിട്ടിയത് ഭാഗ്യം. അത് ഒരു മണിക്കൂറായിരുന്നു എങ്കിൽ ഈ ദുർവ്യാഖ്യാനം കാൽകുലേറ്റർ എടുത്ത് കൂട്ടേണ്ടി വരുമായിരുന്നു...

അവസാന പയറ്റ് : ഒരു പ്രണയത്തിന്റെ പിന്നാലെയാണിദ്ദേഹത്തിന്റെ “മനം മാറ്റം” എന്ന് ചിലർ പറയുന്നു.. എന്തോ ആവോ................................!

അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ....

No comments: